നിങ്ങൾ ജനിച്ചു വീഴുമ്പോൾ ബോധം എന്ന അവസ്ഥാവിശേഷം നിങ്ങളിൽ പ്രവർത്തിക്കുന്നില്ല. വളർന്നു തുടങ്ങുമ്പോൾ നിങ്ങളുടെ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിന് അനുസരിച്ച് സാവധാനത്തിൽ നിങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് ബോധവാൻ ആകുന്നു. ഇങ്ങനെ രൂപപ്പെടുന്ന ബോധത്തിൽ നിന്നാണ് നിങ്ങൾ ഒരു വ്യക്തിയാണെന്ന് തിരിച്ചറിവുണ്ടാകുന്നത്. ഈ തിരിച്ചറിവുകൾ ‘നിങ്ങൾ’ അല്ലെങ്കിൽ ‘ഞാൻ’ എന്നഭാവം ഒരാളിൽ ജനിപ്പിക്കുന്നു. ഇവിടെയാണ് ഒരു വ്യക്തിയുടെ ജീവിതം തുടങ്ങുന്നത്. വ്യക്തിയുടെ കൂടെ അയാളുടെ വ്യക്തിത്വം രൂപപ്പെട്ടു തുടങ്ങുന്നു. “Child is the father of man” എന്ന് കേട്ടിട്ടുണ്ടോ…?? ”ഒരു മനുഷ്യൻറെ പിതാവ് ശിശുവാണ്” എന്നാണ് ഇതിൻറെ അർത്ഥം. മനുഷ്യൻറെ പിതാവ് എങ്ങനെയാണ് ശിശു ആകുന്നത് എന്നായിരിക്കും സംശയം. ഒരു ശിശുവിനെ ബാല്യകാല അനുഭവങ്ങളും പഠനങ്ങളും ആണ് അവനെ/അവളെ ഒരു പൂർണ മനുഷ്യൻ ആക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഈ അർത്ഥത്തിലാണ് ഇവിടെ ശിശുവാണ് മനുഷ്യൻറെ പിതാവ് എന്ന് പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ വ്യക്തിത്വം അഥവാ ആന്തരിക സത്ത രൂപപ്പെടുന്നത് ഇളം പ്രായത്തിൽ നിങ്ങൾക്കുണ്ടാകുന്ന അനുഭവങ്ങളും പാഠങ്ങളും വഴിയാണ്.

ഇംഗ്ലീഷിൽ ”പേഴ്സണാലിറ്റി” എന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ. അയാൾക്ക് നല്ല പേഴ്സണാലിറ്റി ആണ് എന്ന് പ്രായമായവർ പറയുന്നത് കേട്ടിരിക്കും. സാധാരണയായി ഇപ്പോൾ ഇങ്ങനെ പറയുന്നത് ഒരാളുടെ ബാഹ്യരൂപം കണ്ടിട്ടാണ്. കാണാൻ ചന്തമുള്ള ഒരാൾ നന്നായി വസ്ത്രധാരണം ചെയ്ത ആകർഷകമായ രീതിയിൽ നടന്നു പോകുന്നത് കണ്ടാൽ ആൾ നല്ല പേഴ്സണാലിറ്റി ഉള്ള ആളാണ് എന്ന് പെട്ടെന്ന് പറയാറുണ്ട്. വ്യക്തിത്വം എന്നാണ് പേഴ്സണാലിറ്റി എന്ന വാക്കിൻറെ അർത്ഥം എങ്കിലും ഇങ്ങനെ ഒറ്റ നോട്ടത്തിൽ നല്ല വ്യക്തിത്വം എന്ന് പറയുന്നത് ശരിയല്ല. അയാളുടെ പ്രത്യക്ഷ ഭാവം (അപ്പിയറൻസ്) നന്നായത് കൊണ്ട് വ്യക്തിത്വം അഥവാ പേഴ്സണാലിറ്റി നന്നായിരിക്കണം എന്നില്ല. വ്യക്തിത്വം എന്നു കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ഒരാളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്ന അയാളുടെ സ്വഭാവ പ്രത്യേകതകളാണ്. കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാൽ വ്യക്തിപരമായ അഥവാ പേഴ്സണൽ സ്റ്റേറ്റ്, ക്യാരക്ടർ എന്നൊക്കെ ഇംഗ്ലീഷിൽ പറയാറുള്ള സ്വഭാവ പെരുമാറ്റരീതികൾ എല്ലാം വ്യക്തിത്വത്തിന് സവിശേഷതകളാണ്.

ഈ വ്യക്തിത്വം തന്നെ നല്ല വ്യക്തിത്വം എന്നും ചീത്ത വ്യക്തിത്വം എന്നും തരംതിരിച്ചു പറയാം. നല്ല വ്യക്തിത്വം ഉള്ള കുട്ടി എന്ന് ഇപ്പോഴേ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കണം. അതിന് എന്തൊക്കെ ചെയ്യണം എങ്ങനെയൊക്കെ പെരുമാറണം എന്നൊക്കെ വരും പോസ്റ്റുകളിൽ വ്യക്തമാക്കാം. വ്യക്തിത്വത്തെ തരംതിരിച്ച് ആളുകളെ വിലയിരുത്തുന്ന രീതി പണ്ടുമുതലേ ഉണ്ടായിരുന്നു പെരുമാറ്റം ശരീരത്തിന് ആകൃതി തുടങ്ങിയവ നോക്കി വ്യക്തികളെ പല കൂട്ടത്തിൽ പെടുത്തിയിരുന്നു ആദ്യകാലത്ത് തത്വചിന്തകരും പിന്നീട് നരവംശശാസ്ത്രജ്ഞനും മനശാസ്ത്രജ്ഞരും ആണ് ഇങ്ങനെ വ്യക്തികളെ കുറിച്ചും വ്യക്തിത്വങ്ങളെ കുറിച്ചും പഠിച്ചു തുടങ്ങിയത്. എന്തൊക്കെ പഠനങ്ങൾ നടന്നാലും എല്ലാവരും അംഗീകരിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. നല്ല സ്വഭാവവും നല്ല പെരുമാറ്റവുമാണ് നല്ല വ്യക്തിത്വത്തിന്റെ അടിസ്ഥാന ഗുണങ്ങൾ. ഒരു സാമൂഹ്യ ജീവിയായ മനുഷ്യൻ നല്ലൊരു സാമൂഹ്യ ജീവിയായി ജീവിക്കാൻ വേണ്ട അടിസ്ഥാന ഗുണങ്ങൾ നിങ്ങൾ ഇപ്പോഴേ വളർത്തിയെടുക്കണം. അപ്പോൾ നിങ്ങളും നല്ല പേഴ്സണാലിറ്റി അഥവാ വ്യക്തിത്വം ഉള്ളവരായി മാറും…

Leave a Reply

Your email address will not be published.